Playstore Icon
Download Jar App
Personal Finance

എന്തുകൊണ്ടാണ് എപ്പോഴും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്നത് ? - Jar App

December 30, 2022

നിങ്ങളുടെ സാമ്പത്തിക സ്‌ഥിതി മികച്ചതായിട്ടു കൂടി പലപ്പോഴും അനുഭവപ്പെടുന്ന സാമ്പത്തിക ക്ലേശത്തിനു പരിഹാരം കാണൂ.

ശമ്പളത്തെ  മാത്രം ആശ്രയിച്ചു ജീവിക്കുന്നയാൾ ആണ് നിങ്ങളെങ്കിൽ പണം തീർന്നു പോകുമെന്ന ആശങ്ക നിങ്ങൾക്കുണ്ടായെന്നു വരാം. 

 

സാമ്പത്തിക സ്‌ഥിതിയോർക്കുമ്പോൾ പലപ്പോഴും നിങ്ങളുടെ ഉള്ളൊന്ന് കാളുന്നുണ്ടാകാം. 

ഇത് തീർത്തും സ്വാഭാവികമാണ്. ധനികർ പോലും, അവരുടെ ജീവിത രീതി മെച്ചപ്പെടുത്തുന്നത് ഭാവിയെ  ബാധിക്കും എന്ന് ചിന്തിക്കുന്നവരാണ്. 

നിങ്ങളുടെ സാമ്പത്തിക സ്‌ഥിതി താരതമ്യേന ഭദ്രമാണെങ്കിലും കൂടെ കൂടെ കീശ കാലിയായ തോന്നൽ വരാറുണ്ടോ ? നേരത്തെ പറഞ്ഞ ഉള്ളു കാളൽ  വിട്ടു പോകുന്നില്ലേ ? ആവശ്യത്തിനുള്ള വരുമാനം ഇല്ല എന്ന് തോന്നാറുണ്ടോ? 

നിർഭാഗ്യ വശാൽ ഇത് മനുഷ്യരുടെ പ്രകൃതമാണ് . ഈ തോന്നൽ ഒരു പക്ഷെ ഒരിക്കലും വിട്ടു മാറില്ല. 

ചെലവഴിക്കുന്നതിലെ  ഭീതി മറികടക്കാൻ ഒറ്റമൂലി ഒന്നും തന്നെയില്ല. എന്നാൽ ഇതിന്റെ ആഘാതം ലഘൂകരിക്കാൻ ധാരാളം മാർഗങ്ങളുണ്ട്.  അതി സമ്പന്നർ നൽകുന്ന ഈ 8 ഉപദേശങ്ങൾ ഒരു പക്ഷെ പണത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് മാറ്റാൻ സഹായിച്ചേക്കാം

പണമുള്ളപ്പോഴും ഞെരുക്കമാണെന്ന യുക്തിയില്ലാത്ത ഭീതി എന്തുകൊണ്ടാണെന്ന് ആദ്യം മനസിലാക്കാം. ഈ ഭയമുള്ളവരുടെ പ്രധാന പ്രശ്നം സ്വന്തം സമ്പത്ത് കൈകാര്യം ചെയ്യുന്നതിൽ അവർക്ക് സ്വയം വിശ്വാസമില്ല എന്നതാണ്. 

പണം സ്വസ്‌ഥത കെടുത്തുമെന്നു വിശ്വസിക്കുന്ന പലരുമുണ്ട്. ഉത്കണ്ഠയും മാനസിക പിരിമുറുക്കവും മൂലം ഉറക്കം നഷ്ടപ്പെടുകയും അത് ബന്ധങ്ങളെ തന്നെ പലപ്പോഴും ബാധിക്കുകയും ചെയ്യുന്നു. 

 

നിങ്ങൾക്ക് നല്ലൊരു വരുമാനമുണ്ട്. അധിക ചെലവുമില്ല. എന്നിട്ടും മാസാവസാനമാകുമ്പോൾ കൈയിൽ പണമില്ലാത്ത അവസ്‌ഥയാണെങ്കിൽ എന്തോ പിശകുണ്ട് എന്നല്ലേ അർത്ഥം. 

 

എന്താണ് കാരണം ? ആവശ്യത്തിന് വരുമാനം ഉണ്ടായിട്ടും എന്ത് കൊണ്ടാണ് നിങ്ങളുടെ സാമ്പത്തിക സംബന്ധമായ കാര്യങ്ങൾ കൈപ്പിടിയിൽ ഒതുങ്ങാത്തത് ? 

ഇതിന്റെ കാരണങ്ങൾ പരിശോധിക്കാം:‍ 

1. നിങ്ങൾ വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ല  

പണം ചെലവഴിക്കുന്നതുമായി ബന്ധപ്പെട്ട് വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ, ചെറിയ രീതിയിൽ തുടങ്ങി പെട്ടെന്ന് വലുതാകുന്ന പല പ്രശ്നങ്ങളുമുണ്ട്.

ആവശ്യത്തിലധികം പണം ഉണ്ടെങ്കിൽ ഒരു കൃത്യമായ ബജറ്റ് ഉണ്ടാക്കാനോ പണം ചെലവഴിക്കുന്നതിനെക്കുറിച്ചു ചിന്തിക്കാനോ നമ്മൾ മെനക്കെടാൻ  സാധ്യത കുറവാണ്. ഇവിടെയാണ് പ്രശ്നം ഉടലെടുക്കുന്നത്.

തൽക്കാലത്തേക്ക് ഇത്തരം അധിക ചെലവുകൾ പ്രശ്നമുണ്ടാക്കില്ലെങ്കിലും ഭാവിയിൽ അത് വളരെയധികം ദോഷം ചെയ്യും.    

മാസാവസാനം കൈയിൽ പണമില്ലാതാകാൻ കാരണം ഇത്തരം ധൂർത്താണ്. അതുകൊണ്ട് ഇത്തരം ചെലവുകൾക്ക് മുന്നേ നിങ്ങൾ "ഇതെനിക്ക് ശരിക്കും ആവശ്യമുണ്ടോ?" എന്ന് നിങ്ങളോട് തന്നെ ചോദിക്കുക. 

2. ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും വേർതിരിക്കാൻ  കഴിയുന്നില്ല 

ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർതിരിക്കാൻ ഫലപ്രദമായ ഒരു ബജറ്റ് എത്രത്തോളം ആവശ്യകരമാണെന്ന് ഇതിനോടകം നിങ്ങൾക്കറിയാം . എന്നാൽ ചില ആഗ്രഹങ്ങൾ ശീലമായിക്കഴിഞ്ഞാൽ ആവശ്യങ്ങൾ പോലെ തന്നെ അനുഭവപ്പെടും. 

ഇതാണ് ശീലങ്ങളുടെ ശക്തി. നമ്മുടെ ദിനചര്യയിലേക്ക്  ഇഴുകിച്ചേർന്ന കാര്യങ്ങൾ പിന്നെ ആവശ്യമായേ നമുക്ക് തോന്നൂ. 300 രൂപയുടെ സ്റ്റാർ ബക്ക്സ്  കോഫി ഒരിക്കൽ ഒരു ആഗ്രഹമായിരുന്നെങ്കിൽ ഇപ്പോൾ അതൊരു ആവശ്യമായി മാറിയിട്ടുണ്ടാകും.  

ആദ്യമാദ്യം ഇതൊരു പ്രശ്നമായി തോന്നില്ലെങ്കിലും ദിവസേനയുള്ള ശീലമായി മാറിക്കഴിഞ്ഞാൽ അത് തിരുത്താതെ വേറെ മാർഗമില്ല. 

3. നിങ്ങൾ വാങ്ങിക്കുന്ന സാധനങ്ങൾ നിങ്ങളുടെ സാമ്പത്തിക സ്‌ഥിതിക്ക് താങ്ങാൻ പ്രാപ്തിയുള്ളവയായിരിക്കില്ല  

ശരാശരിയിലും ഉയർന്ന വരുമാനമാണ് നിങ്ങളുടേതെങ്കിൽ ഒരു പക്ഷെ  നിങ്ങളുടെ സാമ്പത്തിക തുലനാവസ്‌ഥ തെറ്റിയേക്കാം . സാമ്പത്തികമായി സുരക്ഷിതമാകുന്നതിന്റെ ഒരേയൊരു മോശം വശം ഇതായിരിക്കും. 

 

ഒരു പുതിയ ബൈക്കോ  കാറോ ഡിസൈനർ ബാഗോ വസ്ത്രങ്ങളോ മേടിക്കാൻ നിങ്ങൾ രണ്ടാമതൊന്നു ചിന്തിക്കില്ല കാരണം നിങ്ങൾക്കറിയാം അവ നിങ്ങൾക്ക് താങ്ങാൻ കഴിയാവുന്ന ചെലവുകളാണെന്ന്. 

നിങ്ങളെക്കൊണ്ട് കഴിയുമെങ്കിൽ പോലും ചെയ്യേണ്ടതായിട്ടില്ലാത്ത ഒരുപാട് കാര്യങ്ങളുണ്ട്. പണമുണ്ടെന്ന് കരുതി ധൂർത്തടിക്കേണ്ട ആവശ്യമില്ല. 

കുറച്ചു നാൾ കഴിയുമ്പോൾ ഇത്തരം സുഖ സൗകര്യങ്ങൾ കൂടാതെ കഴിയില്ല എന്ന സ്‌ഥിതി വരും. ഇത് തുടരാൻ കഴിയുന്ന ചുറ്റുപാട് ഉണ്ടെങ്കിൽ പോലും അത് സാമ്പത്തികമായി വലിയൊരു ബാധ്യതയായി മാറും. 

ഭാവിയെക്കുറിച്ചു കൂടി ചിന്തിക്കുക എന്നതാണ് പ്രധാനം. ഒരു പക്ഷെ ആഡംബര കാർ മേടിക്കാനുള്ള ശേഷി നിങ്ങൾക്കുണ്ടായിരിക്കാം. എന്നാൽ അതിനു വേണ്ടുന്ന പണം വേറെ എത്രയോ കാര്യങ്ങൾക്ക് ചെലവിടാൻ കഴിയും. 

സാമ്പത്തികമായി നിങ്ങൾ മുൻഗണന കൊടുക്കുന്നത് എന്തിനൊക്കെയാണെന്ന് കണ്ടെത്തൂ. അതിനനുസരിച്ച്, നിങ്ങൾക്ക് മിച്ചം വയ്ക്കാൻ കഴിയുന്ന പണം കൂടി ചെലവഴിക്കുന്ന പ്രവണതയെ നിയന്ത്രിക്കൂ. 

4. എന്താണ് നിങ്ങൾക്കാവശ്യമെന്നു നിങ്ങൾക്ക് തന്നെ അറിയില്ല 

"ഇക്കരെ നിൽക്കുമ്പോൾ അക്കരെ പച്ച" എന്ന തോന്നലാണ് ഭൂരിഭാഗം സാമ്പത്തിക പ്രശ്നങ്ങളുടെയും കാരണം. ഈ അവസ്ഥയിൽ കാര്യങ്ങൾ എല്ലാം ശരിയാണ് എന്നാണ് നിങ്ങൾക്ക് തോന്നുന്നതെങ്കിൽ പിന്നെ ഇത്തരം പ്രശ്നങ്ങളൊന്നും ഉദിക്കുന്നതേയില്ലല്ലോ? 

അക്കരെ നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും? ഇക്കരെ നിന്നിട്ട് ഒരു പ്രയോജനവുമില്ലെന്ന് നിങ്ങൾക്കുറപ്പാണെങ്കിലോ? ഇത് പൊതുവെ കാണുന്ന ഒരു പ്രശ്നമാണ്. 

നിങ്ങൾക്ക് പ്രത്യേകിച്ചു പദ്ധതികളൊന്നും തന്നെയില്ലെങ്കിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വളരെ പ്രയാസമായിരിക്കും. അതുപോലെ, ലക്ഷ്യങ്ങളൊന്നുമില്ലെങ്കിൽ തന്ത്രങ്ങൾ കൊണ്ടുവരാനും ബുദ്ധിമുട്ടായിരിക്കും.  

ഈ അവസ്‌ഥ പരിഹരിക്കാൻ എന്ത് ചെയ്യാൻ കഴിയും? 

1. ഒരു സാമ്പത്തിക പദ്ധതി തയ്യാറാക്കൂ 

ഒരു പ്രതിമാസ ബജറ്റ് ഉണ്ടാക്കുക. അത് കൃത്യമായി പിന്തുടരുക വഴി പാഴ്‌ച്ചെലവ് ഒഴിവാക്കുക. 

നിങ്ങളുടെ ആവശ്യങ്ങൾ വേണ്ടെന്നു വയ്ക്കാതെ തന്നെ അമിത ചെലവ് ഒഴിവാക്കാൻ ബജറ്റ് നിങ്ങളെ സഹായിക്കുന്നു. 

തികച്ചും സൗജന്യമായി ബജറ്റ് തയ്യാറാക്കാൻ സഹായിക്കുന്ന ധാരാളം ഓൺലൈൻ ടൂളുകളും ആപ്പുകളുമുണ്ട്. 

നിങ്ങളുടെ നിലവിലെ എല്ലാ അക്കൗണ്ടുകളുടെയും  പണമിടപാടുകളുടെയും വിവരങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണം. 

നിങ്ങളുടെ ചെലവുകൾ നിയന്ത്രിക്കാനും എവിടെയെല്ലാം ചുരുക്കണം എന്ന് കണ്ടെത്താനുമുള്ള നിരവധി ടൂളുകളും സോഫ്റ്റ്‌വെയറുകളുമുണ്ട്. 

കൃത്യമായ ഒരു ബജറ്റില്ലാതെ, പണമെവിടെയാണ് നഷ്ടപ്പെടുന്നത് എന്ന് കണ്ടെത്താനും അത് തടയാനും ബുദ്ധിമുട്ടാണ്. 

2. അടിയന്തിരഘട്ടത്തിലേക്ക്  ഒരു ഫണ്ട് കരുതി വയ്ക്കുക 

ഒട്ടും പ്രതീക്ഷിക്കാതെ വരുന്ന ഭീമമായ ചെലവുകൾ മറികടക്കാൻ ഒരു എമർജൻസി ഫണ്ട് നിങ്ങളെ സഹായിക്കും. വരുമാനമില്ലാതെ അഞ്ചോ ആറോ മാസം പിടിച്ചു നിൽക്കേണ്ട സാഹചര്യം വന്നാൽ അതിന് എമർജൻസി ഫണ്ടിൽ ആവശ്യത്തിന് പണമുണ്ടെങ്കിലേ സാധിക്കൂ. 

ആക്സിഡന്റുകൾ, കാർ ബ്രേക്ക് ഡൌൺ ആകൽ, കാലാവധി കഴിഞ്ഞ പണമൊടുക്കലുകൾ ഇങ്ങനെ പല രീതിയിൽ നിനച്ചിരിക്കാതെ അടിയന്തിര ആവശ്യങ്ങൾ വരാം. അതെല്ലാം അഭിമുഖീകരിക്കാൻ നമ്മൾ തയ്യാറായിരിക്കണം. 

നിങ്ങളുടെ ആവശ്യങ്ങൾക്കും നികുതിക്കും ശേഷമുള്ള പണം എമർജൻസി ഫണ്ടിൽ സൂക്ഷിക്കുക. ഒരു അടിയന്തിര ഘട്ടത്തിൽ കാര്യങ്ങൾ സുഗമമാക്കാൻ ഇത് സഹായിക്കും. 

‍നിങ്ങളുടെ ആകെ വരുമാനവും ചെലവാക്കാൻ വേണ്ടി വരുന്ന കുറഞ്ഞ തുകയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി തത്തുല്യമായ തുക മെയിൻ അക്കൗണ്ടിലേക്ക് മാറ്റുക. പണം ധാരമുള്ള മാസങ്ങളിൽ അതിൽ നിന്നും പണമെടുക്കാതിരിക്കുക. 

ഇത് ശമ്പളത്തെ മാത്രം  പൂർണമായി ആശ്രയിക്കേണ്ടി വരുന്ന  അവസ്‌ഥ ഒഴിവാക്കുകയും മനഃസമാധാനം പ്രദാനം ചെയ്യുകയും ചെയ്യുന്നു. 

3. ബില്ലുകൾ അടയ്ക്കുവാൻ ഓട്ടോ പേ സംവിധാനം സജ്ജീകരിക്കുക 

ബാങ്ക് അക്കൗണ്ടുകളിലേക്ക് ലോഗ് ഇൻ ചെയ്യുകയോ പണമായി അടയ്ക്കുകയോ ചെയ്യാതെ ബില്ലുകൾ അടയ്ക്കാൻ ഓട്ടോ പേ സംവിധാനം സഹായിക്കും 

നിങ്ങളുടെ ബില്ലുകൾ ഓട്ടോ പേ സംവിധാനത്തിലാണെങ്കിൽ പ്രത്യേകിച്ച്, പ്രതിമാസ തവണകളുളള ലോണുകൾ ഉണ്ടെങ്കിൽ, പണം ചെലവഴിക്കുവാനുള്ള ഭയം ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. 

ബില്ലുകൾ ഓട്ടോ പേ സംവിധാനത്തിൽ അടയ്ക്കുക വഴി അതേക്കുറിച്ചു ചിന്താകുലരാകാതെ ആ സമയം കൂടി ബജറ്റ്  തയ്യാറാക്കൽ,  മിച്ചം സൂക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യൽ  തുടങ്ങി നിങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങൾക്കായി ചെലവഴിക്കാം. 

ഒരു വിധം എല്ലാ ഇടപാടുകാരും നിങ്ങളുടെ ബില്ലിന്റെ സമയമാകുമ്പോഴും ബിൽ  അടച്ച ശേഷവും ഇമെയിൽ വഴി അറിയിക്കും. അതുകൊണ്ടുതന്നെ ബാങ്ക് അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യേണ്ട ആവശ്യമേ വരുന്നില്ല. 

4. ആവശ്യമുള്ളപ്പോൾ ലോൺ എടുക്കുവാനുള്ള സാദ്ധ്യതകൾ പരിശോധിക്കുക‍ 

കഴിയാവുന്നതും കടം ഒഴിവാക്കുകയാണ് നല്ലതെങ്കിലും പുതിയൊരു വീട് വാങ്ങിക്കണം എന്നതുപോലുള്ള പല ഘട്ടങ്ങളിലും ലോൺ ആവശ്യമായി വരും. 

പുതിയൊരു ബിസിനസ് തുടങ്ങുവാനോ കോളേജ് പഠനത്തിനോ പുതിയ വീട് വാങ്ങുവാനോ എല്ലാം ലോൺ വളരെ സഹായകമാകും. 

ലോൺ എടുക്കുന്നതിനു മുന്നേ ലഭ്യമായ എല്ലാ സാധ്യതകളും  പരിശോധിക്കുക. ഏറ്റവും മികച്ച ഡീൽ നിങ്ങൾക്ക് കിട്ടിയാൽ അനാവശ്യ പലിശയടക്കൽ ഒഴിവാക്കാം. 

ലോൺ എടുത്തു കഴിഞ്ഞാൽ അത് തിരിച്ചടയ്ക്കുവാനുള്ള പദ്ധതി കൂടി തയ്യാറാക്കണം. ഒരു മികച്ച പദ്ധതി ഉണ്ടെങ്കിൽ എത്രയും വേഗം ലോണുകൾ അടച്ചു തീർക്കുവാൻ കഴിയും. 

നിങ്ങളുടെ വരുമാനത്തിന്റെ സിംഹ ഭാഗവും കടം വീട്ടുവാനേ  തികയുന്നുള്ളൂ എങ്കിൽ അത് തിരിച്ചടയ്ക്കാൻ മറ്റെന്തെങ്കിലും മാർഗങ്ങൾ  കണ്ടെത്തിയേ മതിയാകൂ. 

5. ദീർഘ കാല സാമ്പത്തിക ലക്ഷ്യങ്ങൾ സൃഷ്ടിക്കുക 

ലക്ഷ്യങ്ങൾ സൃഷ്ടിക്കുക എന്നത് ബജറ്റുണ്ടാക്കുന്നതിനു സമാനമാണ്. അമിത ചെലവ് ഒഴിവാക്കാനും നിങ്ങളുടെ പണത്തിനും സമ്പാദ്യങ്ങൾക്കും ഒരു അർത്ഥമുണ്ടാക്കാനും അത് സഹായിക്കും. 

ഉത്കണ്ഠ കുറച്ച്, കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താൻ ഇത് സഹായിക്കും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പ്രധാനമായും, കടങ്ങൾ എങ്ങനെ അടച്ചു തീർക്കുമെന്നും പണം എങ്ങനെ നീക്കി വയ്ക്കാൻ ശ്രമിക്കുന്നുവെന്നുമുള്ള കാര്യങ്ങൾ അടങ്ങിയതായിരിക്കണം. 

ഒരു പദ്ധതി തയ്യാറാക്കുമ്പോൾ നിങ്ങളുടെ ഭാവി ജീവിതം എങ്ങനെ  ആയിരിക്കണം എന്നതിനെക്കുറിച്ച് ഒരു ചിത്രം മനസ്സിൽ വേണം. ഇതിനനുസരിച്ചു പ്രവർത്തിച്ചും തുടങ്ങണം. 

സമ്പൂർണമായ ഒരു പദ്ധതി തയ്യാറാക്കുമ്പോൾ നിങ്ങളുടെ ശമ്പളം, സമ്പാദ്യങ്ങൾ, വിശ്രമ ജീവിതം എന്നിവയെല്ലാം മനസ്സിലുണ്ടായിരിക്കണം. 

6. സംതൃപ്തരായിരിക്കുക 

 

നല്ല  രീതിയിൽ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഓർത്ത് സംതൃപ്തരായി ഇരിക്കുന്നതിന് പകരം പ്രശ്നങ്ങളെപ്പറ്റി മാത്രം ചിന്തിച്ചാൽ ഒരിക്കലും പുരോഗതി കൈവരിക്കാൻ കഴിയില്ല. അതു കൊണ്ട് തന്നെ കഴിയാവുന്നിടത്തോളം സംതൃപ്തരായിരിക്കുക. 

ഒരു കാര്യം ഓർക്കുക :  നിങ്ങളുടെ സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുത്താനുള്ള കഴിവ് നിങ്ങൾക്കുണ്ട്. അതെളുപ്പമായിരിക്കില്ല. പക്ഷെ തീർച്ചയായും സാധ്യമാണ്. 

നിങ്ങളുടെ അത്രയും അറിവില്ലാത്ത എത്രയോ പേർ  സാമ്പത്തിക അച്ചടക്കം  നടപ്പാക്കുന്നു. 

നിങ്ങളുടെ ജീവിതം കുഴഞ്ഞു മറിഞ്ഞ അവസ്‌ഥയിലാണെങ്കിൽ ഒന്നോർക്കുക.  ഭൂരിഭാഗം ആളുകൾക്കും ചിന്തിക്കാൻ കഴിക്കുന്നതിനേക്കാൾ സുഖവും സൗകര്യങ്ങളും നിങ്ങൾക്കുണ്ട്. ഇല്ലാത്തതിനെ ഓർത്ത് ദുഖിക്കാതെ ഉളളതിനെയോർത്ത് സന്തോഷിക്കുക 

നിങ്ങൾ ഒരു ദിവസ വേതനക്കാരൻ ആകട്ടെ, ആറക്ക ശമ്പളം വാങ്ങുന്ന CEO  ആകട്ടെ, സാമ്പത്തിക ഞെരുക്കമെന്ന തോന്നൽ എപ്പോൾ വേണമെങ്കിലും വരാം. 

ഇത് വരുമാനം കുറഞ്ഞവരിലും മധ്യവർഗത്തിലുമാണ് കൂടുതലും കാണുന്നതെങ്കിലും ആരെയും ബാധിക്കാവുന്നതാണ്. 

പ്രതീക്ഷയില്ലാത്ത ഒരു സാമ്പത്തിക ഭാവിയെപ്പറ്റിയാണ് നിങ്ങളുടെ ഭയമെങ്കിൽ ഒരു കൃത്യമായ പദ്ധതി തയ്യാറാക്കുക വഴി കാര്യങ്ങൾക്ക് ഒരു  മാറ്റം വരുത്താൻ കഴിയും. പണം ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കുക വഴി നിങ്ങളുടെ സമ്പത്ത് വർധിപ്പിക്കാൻ Jar ആപ്പിന് കഴിയും. ‍ 

 

പണം കൈകാര്യം ചെയ്യുമ്പോൾ മുൻപുണ്ടായ ഏതെങ്കിലും ദുരനുഭവമാണ് നിങ്ങളുടെ ഭയത്തിന്റെ മൂലകാരണമെങ്കിൽ ആദ്യം ആ മാനസിക ആഘാതം മറികടക്കുവാനുള്ള ശ്രമമാണ് നടത്തേണ്ടത്. പരിഹാരമില്ലാത്ത പ്രശ്നനങ്ങളുണ്ടോ ! 

Subscribe to our newsletter
Thank you! Your submission has been received!
Oops! Something went wrong while submitting the form.