പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരണത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിൽ എന്തെല്ലാം ഉള്‍പ്പെടുത്താം

Author Team Jar
Date Apr 21, 2023
Read Time Calculating...
പോര്‍ട്ട്‌ഫോളിയോ വൈവിധ്യവല്‍ക്കരണത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം. നിങ്ങളുടെ പോര്‍ട്ട്‌ഫോളിയോയിൽ എന്തെല്ലാം ഉള്‍പ്പെടുത്താം

നിക്ഷേപങ്ങളിൽ  വിവിധ വിഭാഗങ്ങൾ ഉൾപ്പെടുത്തുക എന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? എങ്ങനെയാണ് നിങ്ങളുടെ പോർട്ട്ഫോളിയോയിൽ വൈവിധ്യം ഏർപ്പെടുത്തുന്നത്?

 

എല്ലാ കമ്പിനും ചേര്‍ത്ത് ഒറ്റ കെട്ടിടരുത് എന്ന് ഒരു പ്രയോഗമുണ്ട്. അവ പല ആവശ്യങ്ങള്‍ക്കും ഉള്ളതായിരിക്കുമല്ലോ. ഇവിടെ നിക്ഷേപങ്ങളുടെ കാര്യത്തിലും അങ്ങനെ  ഒരു നയം തന്നെ നമുക്ക് പിന്തുടരാം.

 

ഒരൊറ്റ രീതിയിൽ തന്നെ നിങ്ങളുടെ എല്ലാ സമ്പാദ്യവും നിക്ഷേപിക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നോക്കാം. ഓഹരികൾ മികച്ച രീതിയിൽ പോകുന്നത് വരെ ബുദ്ധിമുട്ടുകളൊന്നും അനുഭവപ്പെട്ടെന്നു വരില്ല.

 

എന്നാൽ വിപണിയിൽ പെട്ടന്നൊരു വ്യതിയാനം അല്ലെങ്കിൽ ഇടിവ് ഉണ്ടാകുകയാണെങ്കിലോ. നിങ്ങളുടെ മൊത്തം നിക്ഷേപത്തിലും വലിയൊരു നഷ്ടം തന്നെ നേരിടുന്നതാണ്. അങ്ങനെ ഒരു അവസ്ഥ നിങ്ങൾ ആഗ്രഹിക്കുന്നില്ല, അല്ലെ.

 

ഈ കാരണത്താലാണ്, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം വലിയ ഏറ്റക്കുറച്ചിലുകളില്ലാതെ നേടുന്നതിനായി അവ നിക്ഷേപിക്കുമ്പോൾ വിവിധ പദ്ധതികൾ പരിഗണിക്കേണ്ടതെന്നുണ്ട് എന്ന് പറയുന്നത് .

 

നിങ്ങൾ ഒരു തരത്തിലുള്ള സമ്പാദ്യ പദ്ധതികളിൽ മാത്രമല്ല ഏർപ്പെടുന്നത് എങ്കിൽ, നിങ്ങളുടെ മൊത്തത്തിലുള്ള നഷ്ട സാധ്യത താരതമ്യേന കുറവായിരിക്കും. എന്നാൽ ആദായത്തിൽ വലിയ കുറവ് നേരിടേണ്ടി വരുന്നുമില്ല.

 അതായത് എല്ലാ കുതിരയ്ക്കും കപ്പം കെട്ടാം, ഏതാണ് പന്തയം ജയിക്കുന്നതെന്നു അറിയില്ലല്ലോ.

എന്താണ് നിക്ഷേപങ്ങളിലെ വൈവിധ്യവൽക്കരണം?

 

വൈവിധ്യവൽക്കരണം എന്ന വാക്ക് കൊണ്ട് ആശയക്കുഴപ്പത്തിലാകേണ്ട കാര്യമില്ല. ലളിതമായ രീതിയിൽ പറഞ്ഞാൽ, വിവിധ തരത്തിലുള്ള സമ്പാദ്യപദ്ധതികൾ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവ ഒരേ സാമ്പത്തിക സാഹചര്യങ്ങളോട് അല്ലെങ്കിൽ വിപണിയിലെ അവസ്ഥകളോട്  വ്യത്യസ്ത തരത്തിൽ പ്രവർത്തിക്കുന്നവ ആയിരിക്കണം.

 

വിവിധ വിഭാഗങ്ങൾ ഉൾപ്പെടുത്തിയ ഒരു പോർട്ട്ഫോളിയോയിൽ വിവിധ വ്യവസായങ്ങളിൽ നിന്നുള്ള 20-30 (അല്ലെങ്കിൽ അതിൽ കൂടുതൽ ഓഹരികൾ) ,ബോണ്ടുകൾ, ഫണ്ടുകൾ, ഭൂമി കച്ചവടത്തിലുള്ള മുതൽ മുടക്ക്, സ്വർണ്ണം,FD-കൾ, സേവിങ്സ് അക്കൗണ്ടുകൾ എന്നിങ്ങനെ വിവിധ പദ്ധതികൾ ഉണ്ടായിരിക്കാം.

 

സാമ്പത്തിക വ്യവസ്ഥിതിയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോൾ, ഇവയിൽ ഓരോ വിഭാഗങ്ങളും ഓരോ രീതിയിലാണ് പ്രതികരിക്കുന്നത്. കൂടാതെ ലാഭവും നഷ്ടവും വിവിധ തരത്തിലുമായിരിക്കും.

 

●  ഓഹരികൾ - ദീഘകാലത്തേയ്ക്കുള്ള വരുമാനത്തിന് മികച്ച സാധ്യതയുള്ളതാണ് ഓഹരികൾ. എന്നാൽ പെട്ടന്ന് തന്നെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം.

 

●  ബോണ്ടുകൾ - ഒരു നിശ്ചിത ആദായം ലഭിക്കാവുന്ന സ്ഥിരതയുള്ള നിക്ഷേപങ്ങളാണ് ഇവ. എന്നാൽ, പലിശ നിരക്കുകൾ കൂടുകയും കുറയുകയും ചെയ്യുമ്പോൾ ഇവയുടെ മൂല്യം വ്യത്യാസപ്പെടുന്നു.

 

●  ഫണ്ടുകൾ - ഫണ്ടുകളിൽ വിവിധ തരത്തിലുള്ള നിക്ഷേപ പദ്ധതികളുണ്ട്. ഫണ്ടുകൾ എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്നതിനനുസരിച്ചു ചെറുതും വലുതുമായ വിഭാഗങ്ങളാക്കി തിരിച്ചിരിക്കുന്നു.

 

●  ഭൂമി കച്ചവടങ്ങളിലെ മുതൽ മുടക്ക് - കാലക്രമേണ ഭൂസ്വത്തുക്കളിൽ മുടക്കുന്ന പണവും ആദായമായി തിരികെ ലഭിക്കുന്നതാണ്. എന്നാൽ യഥാർത്ഥ രീതിയിൽ ഭൂമി കച്ചവടങ്ങൾ നടത്തുന്നത് ചെലവേറിയതാണ്. ഇവയുടെ കമ്മീഷനും വളരെ കൂടുതലായിരിക്കും.

 

●  FD-കളും സേവിങ്സ് അക്കൗണ്ടുകളും  - ഇവയുടെ മൂല്യം കുറയുന്നില്ല, കൂടാതെ  പലിശ നിരക്ക് മറ്റു കരാർ നിബന്ധനകൾ എന്നിവ അനുസരിച്ച് നിശ്ചിത സമയത്തിനുള്ളതിൽ മൂല്യം വർദ്ധിക്കുകയാണ് ചെയ്യുന്നത്.

 

●  സ്വർണ്ണം - നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഏറ്റവും കുറഞ്ഞത് 5 മുതൽ 15% വരെ സ്വർണ്ണ നിക്ഷേപ പദ്ധതികൾ ഉൾപ്പെടുത്താൻ വിദഗ്ദ്ധർ നിർദേശിക്കുന്നു. ഇത് ഒരു സുരക്ഷിതമായ നിക്ഷേപ രീതിയാണെന്ന് മാത്രമല്ല പണപ്പെരുപ്പമുണ്ടാകുമ്പോഴും ഇതിന്റെ ആദായം കുറയുന്നില്ല എന്നും നമുക്ക് കാണാം. ഏറ്റവും ഉചിതമായ ഒരു ദീർഘകാല നിക്ഷേപ പദ്ധതികൂടിയാണ് ഇത്.

 

വിപണിയിൽ വലിയ വ്യതിചലനങ്ങൾ വരുന്ന സമയത്ത്, മുകളിൽ പറഞ്ഞ സമ്പാദ്യ പദ്ധതികളിൽ ഒന്നിലധികം രീതികൾ ഇടകലർത്തി നിങ്ങൾ ഉപയോഗപ്പെടുത്തുകയാണെങ്കിൽ, പോർട്ട്ഫോളിയോയിലെ നഷ്ട സാധ്യത ഗണ്യമായി കുറയ്ക്കാവുന്നതാണ്.

 

പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുന്നത് മൂലമുള്ള  പ്രയോജനങ്ങൾ

 

നിങ്ങളുടെ പോർട്ട് ഫോളിയോയിൽ ഇത്തരം വിവിധ മാര്‍ഗങ്ങൾ ഉള്‍പ്പെടുത്തുന്നതിന് വിവിധ ഗുണങ്ങളാണുള്ളത്. വ്യത്യസ്‌തമായ  സാമ്പത്തിക അവസ്ഥകളിൽ വിവിധ തരത്തിലുള്ള ആസ്തികൾ പലതരത്തിലുള്ള പ്രതികരണങ്ങൾ നൽകുന്നതിനാൽ, ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ഫലങ്ങളെ ലാഭകരമാക്കുന്നു.

 

ഇക്വിറ്റികളിൽ കയറ്റിറക്കങ്ങൾ ഉണ്ടാകാം, ബോണ്ടുകൾ ഉയർച്ചയിൽ തന്നെയായിരിക്കാം, അതേസമയം  സ്വർണ്ണവും FD-കളും ക്രമേണ വർദ്ധിച്ചുകൊണ്ടേയിരിക്കും.

 

മറ്റൊരു തരത്തിൽ പറഞ്ഞാൽ, ഓരോ തരത്തിലുള്ള ആസ്തികളിലും വ്യത്യസ്‌തമായ തുകകൾ നിക്ഷേപിക്കുന്നത് വഴി, നിങ്ങൾക്ക് ലഭിക്കുന്ന  മൊത്തത്തിലുള്ള ആദായം എല്ലാ ആസ്തികളിലും നിന്നുള്ള ആദായങ്ങളുടെ ശരാശരിയാണ്.

 

റോക്കറ്റു പോലെ കുതിച്ചുയരുന്ന ഒരു ഓഹരിയിൽ നിക്ഷേപിച്ചത് കൊണ്ട് മാത്രം നിങ്ങൾക്ക് അത്യാകർഷകമായ വരുമാനം ലഭിക്കണമെന്നില്ല. എന്നാൽ തീർച്ചയായും ലാഭങ്ങളും നഷ്ടങ്ങളും ഉണ്ടായിരിക്കും എന്ന് ഇതിനാൽ അർഥമാക്കുന്നില്ല. 

 

നിക്ഷേപങ്ങളിലെ നഷ്ട സാധ്യത കുറയ്ക്കുന്നതിൽ പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കുന്നത് മൂലമുള്ള ഗുണങ്ങളാണ് ഇവിടെ ഇനി പറയുന്നത്:

 

● നിങ്ങളുടെ വരുമാന സാധ്യത വർദ്ധിപ്പിക്കുകയും ആദായം നിജപ്പെടുത്തുകയും ചെയ്യുന്നു

● വിപണിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലമുള്ള പ്രത്യഘാതങ്ങൾ കുറയ്ക്കുന്നു

● പോർട്ട്ഫോളിയോ നിരീക്ഷിക്കാൻ നിങ്ങൾ ചെലവഴിക്കുന്ന സമയം കുറയ്ക്കുന്നു

● വിവിധ നിക്ഷേപ പദ്ധതികളിൽ നിന്നും പ്രയോജനം നേടുന്നതിന് സഹായകമാകുന്നു

● ദീർഘകാല നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു

● കൂട്ടുപലിശ സമ്പ്രദായം വഴിയുള്ള പ്രയോജനങ്ങൾ നേടാൻ സഹായിക്കുന്നു

● നിങ്ങളുടെ മൂലധനം സുരക്ഷിതമായി സൂക്ഷിക്കാൻ സഹായിക്കുന്നു

● നിങ്ങളുടെ ആശങ്കകൾ ഒഴിവാക്കി മനഃസമാധാനം നൽകുന്നു

എങ്ങനെ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ വിവിധ നിക്ഷേപ രീതികൾ ഉൾപ്പെടുത്താം?

 

ഓർമിക്കുക, വൈവിധ്യവൽക്കരണം എന്നത് മികച്ചതാകുന്നത് പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്തുന്ന രീതികളുടെ എണ്ണം അനുസരിച്ചല്ല. കൂടുതൽ നിക്ഷേപരീതികൾ ഉള്ള വ്യക്തി മികച്ച സമ്പാദ്യം നേടണമെന്ന്  നിർബന്ധവുമില്ല.  

 

ഒരു ക്രിക്കറ്റ് ടീം ഉണ്ടാക്കുന്നതിനെക്കുറിച്ചു ഒരു നിമിഷം ചിന്തിക്കാം. മികച്ച ബാറ്റ്‌സ്മാന്മാർ മാത്രമാണ് ഉള്ളതെങ്കിൽ നമ്മുടെ ടീമിനെ മികച്ചതാണെന്ന് പറയാൻ സാധിക്കുമോ? അതുപോലെ തന്നെയാണ് പോർട്ട്ഫോളിയോയിലെ വൈവിധ്യവൽക്കരണവും.

 

മികച്ച ക്രിക്കറ്റ് ടീമിനാണെങ്കിൽ , മൊത്തത്തിലുള്ള 11 പേരിൽ നിങ്ങൾക്ക് 5 ബാറ്റ്‌സ്മാന്മാർ, 4 ബൗളർമാർ , 1 ഓൾ റൗണ്ടർ, 1 വിക്കറ്റ് കീപ്പർ എന്നിങ്ങനെ ആവശ്യമാണ് അല്ലേ, അതുപോലെതന്നെയാണ് നിങ്ങളുടെ പോർട്ട്ഫോളിയോയും.

 

നിങ്ങളുടെ പോർട്ട്ഫോളിയോയിൽ വൈവിധ്യങ്ങൾ കൊണ്ട് വരുന്നതിന് നിരവധി സമീപനങ്ങൾ സ്വീകരിക്കാവുന്നതാണ്. എന്നാൽ അവ ഓരോന്നും വ്യത്യസ്തമായ ഉദ്ദേശങ്ങൾ നിറവേറ്റുന്നവയായിരിക്കണം എന്ന് തന്നെയാണ് അടിസ്ഥാന നയം.

 

ഇനി ഇതെങ്ങനെ ചെയ്യാമെന്ന് നോക്കാം :

 

1.  നിക്ഷേപിക്കുന്നതിന് മുൻപ് അതിനെക്കുറിച്ച് പഠിക്കുകയും ആവശ്യമായ രീതിയിൽ പ്ലാൻ ചെയ്യുകയും ചെയ്യുക

 

പണം, സ്ഥിരവരുമാനം, ഇക്വിറ്റികൾ എന്നിങ്ങനെ മൂന്ന് പ്രധാന ആസ്തിവിഭാഗങ്ങളിൽ നിങ്ങളുടെ നിക്ഷേപ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കുന്നതിനെക്കുറിച്ച് നന്നായി ഗവേഷണം നടത്തി ആസൂത്രണം ചെയ്തുകൊണ്ട് ആരംഭിക്കുക.

 

നിങ്ങളുടെ പോർട്ട്ഫോളിയോയിലെ അല്ലെങ്കിൽ മൊത്തം സമ്പാദ്യത്തിലെ എത്ര ഭാഗമാണ് ഓരോ വിഭാഗത്തിലുമായി നീക്കിവയ്‌ക്കേണ്ടത്?

 

ഈ ചോദ്യത്തിന് ഉത്തരം നേടുന്നതിനായി നിങ്ങളുടെ സാഹചര്യങ്ങളും, നിക്ഷേപ മുൻഗണനകളും പരിഗണിക്കേണ്ടതുണ്ട്. ഇനിപ്പറയുന്ന ചോദ്യങ്ങൾ ഒന്ന് സ്വയം ചോദിച്ചു നോക്കൂ:

 

●     നിങ്ങൾ എന്തിനാണ് ഈ സമ്പാദ്യം സ്വരൂപിക്കുന്നത്? ഇത് എങ്ങനെയെല്ലാം പ്രയോജനപ്പെടും?

●     നിങ്ങളുടെ ലക്ഷ്യങ്ങൾ സ്വന്തമാക്കാൻ നിങ്ങൾക്ക് എത്രമാത്രം സമയമുണ്ട് ?

●     നിങ്ങളുടെ നിക്ഷേപങ്ങൾക്കായുള്ള സുരക്ഷാ നിലവാരം എങ്ങനെയായിരിക്കണം?

●     നഷ്ട സാധ്യതകളോടുള്ള നിങ്ങളുടെ സഹിഷ്ണുത എത്രത്തോളമാണ്? വിപണിയിലെ വ്യതിയാനം ലാഭമോ നഷ്ടമോ ആയേക്കാം. ഓഹരി ഇടിവ് വരുകയും നിക്ഷേപങ്ങൾക്ക്  മൂല്യം നഷ്ടപ്പെടുകയും ചെയ്‌താൽ നിങ്ങൾക്ക് അതൊരു വലിയ വൈകാരിക പ്രശ്നമായി മാറാൻ ഇടയുണ്ടോ? 

 

ഏതിലാണ് നിക്ഷേപിക്കേണ്ടത് എന്ന് തീരുമാനിക്കുന്നതിനു മുൻപ് ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തേണ്ടത് വളരെ പ്രധാനമാണ്. 

 

2. നഷ്ട സാധ്യതകൾ ലഘൂകരിക്കുന്നു

 

നിങ്ങൾ ഒരു കമ്പനിയുടെ ഓഹരിൽ മാത്രം പണം നിക്ഷേപിക്കുന്നു. എന്നാൽ അത് തകരുകയാണെങ്കിലോ അല്ലെങ്കിൽ ബോണ്ടിൽ മാത്രം എല്ലാ പണവും നൽകുന്നു എന്നാൽ അത് ഇഷ്യൂ ചെയ്ത ആൾ കടക്കെണിയിൽപ്പെടുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്ക് മുഴുവൻ പണവും നഷ്ടമായേക്കാം അല്ലേ. അതിനാൽ ഇതൊഴിവാക്കുവാനും നഷ്ട സാധ്യതകളെ ലഘൂകരിക്കാനുമായി നിക്ഷേപ രീതികളിൽ വൈവിധ്യങ്ങൾ ഏര്പ്പെടുത്താം.

 

വിവിധ രൂപത്തിലുള്ള നിക്ഷേപങ്ങളിൽ അല്ലെങ്കിൽ വിധിത തരത്തിലുള്ള നിക്ഷേപരീതികളിൽ ഏർപ്പെടുന്നത് വഴി നിങ്ങളുടെ നഷ്ട സാധ്യത കുറയുന്നു

 

എന്നാൽ ഇവയൊന്നും ലാഭം നൽകുമെന്നോ , നഷ്ട സാധ്യതകൽ ഒഴിവാക്കുമെന്നോ ഉറപ്പൊന്നും നൽകുന്നില്ല. എന്നാൽ നിങ്ങളുടെ മൊത്തത്തിലുള്ള പോർട്ട് ഫോളിയോയ്ക്ക് ഇത് വഴി സംരക്ഷണം ലഭിക്കുന്നു

 

3.   വിവിധ ആസ്തികൾ ഉൾപ്പെടുത്തൽ

 

മികച്ച രീതിയിൽ വൈവിധ്യവൽക്കരിച്ചിട്ടുള്ള ഒരു പോർട്ട്ഫോളിയോയിൽ വിവിധ വിഭാഗങ്ങളിലുള്ള, വ്യത്യസ്ത തരത്തിലുള്ള നഷ്ട സാധ്യതകൾ ഉള്ള ആസ്തികൾ ഉൾപ്പെടുത്തുന്നതാണ്. ഓഹരികൾ, ബോണ്ടുകൾ, ഭൂമികച്ചവടത്തിലെ മുതൽ മുടക്ക്, സ്ഥിര നിക്ഷേപങ്ങൾ കൂടാതെ സ്വർണ്ണം എന്നിവ നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താവുന്ന ഓപ്‌ഷനുകളിൽ ചിലതാണ്

 

ഓഹരികൾക്കാണ് ഇവയിൽ ഏറ്റവും കൂടുതൽ നഷ്ടസാധ്യതയുള്ളത്, ലാഭസാധ്യതയും അവയ്ക്ക് തന്നെയാണ് കൂടുതൽ. ഓഹരികളെ അപേക്ഷിച്ച് ബോണ്ടുകൾക്ക് സ്ഥിരത കൂടുതലാണ്. പക്ഷെ, അവയിൽ നിന്നുള്ള വരുമാനം താരതമ്യേന കുറവാണ്. 

 

റിയൽ എസ്റ്റേറ്റ് അഥവാ ഭൂമികച്ചവടം ചെലവേറിയതും ഉയർന്ന കമ്മീഷൻ ലഭിക്കാവുന്നതുമാണ്. കൂട്ടത്തിൽ FD-കളും സ്വർണ്ണവുമാണ് ഏറ്റവും സുരക്ഷിതമാണെന്ന് കരുതപ്പെടുന്നവ. എന്നാൽ ഏറ്റവും കുറഞ്ഞ വരുമാനവും ഇവയിൽ നിന്നു തന്നെയാണ്.

വിപണിയിൽ സമാനമായ സാഹചര്യങ്ങളിൽ, ഈ ഓരോ ആസ്തികളും വ്യത്യസ്തമായ രീതിയിലാണ് പ്രതികരിക്കുന്നത്. വിവിധ മാർഗ്ഗങ്ങൾ ഉൾപ്പെടുത്തി പോർട്ട്ഫോളിയോ ഏറക്കുറെ സന്തുലിതമാക്കാൻ നമുക്ക് സാധിക്കും.

 

നഷ്ട സാധ്യതകളോടുള്ള സഹിഷ്ണുത, റിട്ടയർമെന്റ് വരെയുള്ള വർഷങ്ങളുടെ എണ്ണം, മറ്റ് മുൻഗണനകൾ എന്നിവ അടിസ്ഥാനമാക്കി ആസ്തികളുടെ ഓരോ വിഭാഗത്തിനും  നിങ്ങളുടെ പോർട്ട്ഫോളിയോയിൽ ഒരു പ്രത്യേക ഭാഗം അനുവദിക്കാവുന്നതാണ്

 

4.   ആസ്തികളുടെ ഓരോ വിഭാഗങ്ങളിലും വൈവിധ്യങ്ങൾ ഏർപ്പെടുത്താം

 

നിക്ഷേപങ്ങൾ വ്യത്യസ്ത വിഭാഗങ്ങളിലായി വിന്യസിച്ചുവോ? അത് എങ്ങനെയെന്നാണോ ചിന്തിക്കുന്നത്?

 

ഉദാഹരണമായി ഓഹരികളെപ്പറ്റി നോക്കാം. കമ്പനിയുടെ വലുപ്പം (വലിയ കമ്പനികൾ, ഇടത്തരം അല്ലെങ്കിൽ ചെറിയ കമ്പനികൾ ), പ്രദേശം (ദേശീയം അല്ലെങ്കിൽ അന്തർദേശീയം) കൂടാതെ വ്യവസായത്തിന്റെ തരം അല്ലെങ്കിൽ പ്രവർത്തന മേഖല എന്നിങ്ങനെ ഓഹരികൾ എന്ന വിഭാഗത്തെ വീണ്ടും തരം തിരിക്കുന്നതിന് ധാരാളം സാധ്യതകളുണ്ട്.

 

നിങ്ങളുടെ സ്റ്റോക്ക് പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കാൻ ആഗ്രഹമുണ്ട് എന്നാൽ അതിനുള്ള സമയമോ പ്രചോദനമോ ഇല്ല എന്ന് തോന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളോ എക്സ്ചേഞ്ച്-ട്രേഡഡ് ഫണ്ടുകളോ (ETF) പരിഗണിക്കാവുന്നതാണ്.

 

സ്വർണം പോലുള്ള മറ്റ് ആസ്തികൾക്കും ഇത് ബാധകമാണ്. നിങ്ങൾക്ക് പ്രത്യക്ഷ സ്വർണ്ണമായോ, ഗോൾഡ് ETF-കൾ, SGB-കൾ, ഡിജിറ്റൽ ഗോൾഡ് തുടങ്ങിയവയിലോ നിക്ഷേപിക്കാവുന്നതാണ്.

 

5.    എപ്പോൾ ഒഴിവാക്കണം എന്നത് അറിഞ്ഞു വയ്ക്കാം

 

നിക്ഷേപ പദ്ധതികൾ എപ്പോൾ ഒഴിവാക്കണം എന്ന് തീരുമാനിക്കുന്നതും പോർട്ട് ഫോളിയോ വൈവിധ്യവൽക്കരണത്തിന്റെ ഒരു ഭാഗമാണ്. നിങ്ങൾ നിക്ഷേപിക്കാൻ തിരഞ്ഞെടുത്ത വിഭാഗങ്ങൾ ദീർഘകാലമായി ശരിയായ പ്രകടനം കാഴ്‌ച വയ്ക്കുന്നില്ലെങ്കിൽ, അല്ലെങ്കിൽ നിങ്ങളുടെ നഷ്ട സാധ്യതയിൽ ഉള്ള സഹിഷ്ണുത, സമ്പാദ്യം മുഖേനയുള്ള ലക്ഷ്യങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായി വരുന്ന രീതിയിൽ നിന്നും ആസ്തി വിഭാഗത്തിന്റെ അടിസ്ഥാന ഘടന തന്നെ മാറിപ്പോയിരിക്കുന്നുവെങ്കിൽ നിങ്ങൾക്ക് അതിൽ നിന്നും തീർച്ചയായും പിന്മാറാവുന്നതാണ്. 

 

ഓർമിക്കണം, നിങ്ങൾ വിപണിയിൽ ഉള്ള ഒരു ഉൽപ്പന്നത്തിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ചെറിയ വ്യതിയാനങ്ങൾ സ്വാഭാവികമാണ്. പെട്ടന്നുള്ള അസ്ഥിരതയിൽ പിന്മാറാനുള്ള തീരുമാനം എടുക്കരുത്.

 

നിക്ഷേപങ്ങളിൽ വിവിധ വിഭാഗങ്ങൾ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ നിർണായകമായ ഘട്ടം തന്നെയാണ്. എന്നാൽ നഷ്ടങ്ങളൊന്നും തന്നെ സംഭവിക്കില്ലെന്ന് ഇത് ഉറപ്പുനൽകുന്നില്ല.

 

ഈ മുഴുവൻ പ്രക്രിയകളും പൂർത്തിയാക്കിയതിനു ശേഷവും നിങ്ങളുടെ പണം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്.

 

നഷ്ട സാധ്യതകൾ മുഴുവനായും ഒഴിവാക്കാവുന്ന മാർഗങ്ങൾ  ഒന്നും തന്നെയില്ല. എന്നാൽ വിപണിയിലെ ഇടിവുകളിൽ നിന്നുള്ള  അപകടസാധ്യത ഏറ്റവും കുറഞ്ഞ അളവിലേക്കെത്തിക്കാൻ ഇത് തീർച്ചയായും നിങ്ങളെ സഹായിക്കും.

 

ഇതിനായി നിങ്ങൾ നിക്ഷേപങ്ങളിൽ നൽകിയിട്ടുള്ള വ്യത്യസ്ത വിഭാഗങ്ങൾ നഷ്ട സാധ്യതകളോടുള്ള സഹിഷ്ണുത, സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവയ്ക്ക് അനുയോജ്യമായ രീതിയിലാണെന്ന് ഉറപ്പു വരുത്തുക.

 

കൂടാതെ സാമ്പത്തിക സാഹചര്യങ്ങളിൽ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ വൈവിധ്യവൽക്കരണത്തിന്റെ സമീപനങ്ങളിലും പുനഃക്രമീകരണം  നടത്താം. ആവശ്യമെങ്കിൽ ഉപദേശങ്ങൾ നേടുന്നതിനും നിങ്ങളുടെ നിക്ഷേപ പദ്ധതികളിൽ മേൽനോട്ടം വഹിക്കുന്നതിനും ഒരു സാമ്പത്തിക ഉപദേഷ്ടാവിന്റെ സഹായം തേടാവുന്നതാണ്.

Team Jar

Author

Team Jar

ChangeJar is a platform that helps you save money and invest in gold.

download-nudge

Save Money In Digital Gold

Join 4 Cr+ Indians on Jar, India’s Most Trusted Savings App.

Download App Now